ജോയി ഇട്ടന്‍ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍

ചിക്കാഗോ: മെയ് 4-ന് ചിക്കാഗോയിലുള്ള ഹയറ്റ് റീജന്‍സി ഒഹയര്‍ ഹോട്ടലില്‍ കൂടിയ ഫൊക്കാന നാഷണല്‍ കമ്മിറ്റി യോഗത്തില്‍ ജോയി ഇട്ടനെ 2014-ലെ ചിക്കാഗോ കണ്‍വെന്‍ഷന്റെ നാഷണല്‍ കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്തതായി പ്രസിഡന്റ് മറിയാമ്മ പിള്ള അറിയിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ന്യൂയോര്‍ക്കിലെ കലാ-സാംസ്കാരിക, സാമൂഹിക രംഗങ്ങളില്‍ തിളങ്ങി നില്ക്കുന്ന ജോയി ഇട്ടന്‍ വെസ്റ്റ് ചെസ്റ്റര്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ്.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ.എസ്.യു പ്രസ്ഥാനത്തിലൂടെ വളര്‍ന്ന് രാഷ്ട്രീയ രംഗത്ത് എത്തിയ അദ്ദേഹം കേരള യൂണിവേഴ്സിറ്റി കൗണ്‍സിലര്‍, കെ.എസ്.യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി മെംബര്‍, വവിധ ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റ്, മലങ്കര സിറിയന്‍ യാക്കോബായ സെന്റര്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി, യോങ്കേഴ്സ് സെന്റ് ജോണ്‍സ് യാക്കോബായ ചര്‍ച്ച് മുന്‍ ട്രസ്റ്റീ എന്നീ നിലകളില്‍ പ്രവര്‍ത്തിപരിചയമുള്ളയാളും കൂടാതെ ഇപ്പോള്‍ യോങ്കേഴ്സിലുള്ള സെന്റ് ജോണ്‍സ് യാക്കോബായ ചര്‍ച്ച് മാനേജിങ് കമ്മിറ്റി മെംബര്‍, സിറിയന്‍ മലങ്കര യാക്കോബായ ആര്‍ച്ച് ഡയോസിസ് ബില്‍ഡിങ് കമ്മിറ്റി മെംബര്‍ കൂടിയാണ്.
ഫൊക്കാന ഹ്യൂസ്റ്റണ്‍ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനറായിരുന്ന അദ്ദേഹം എല്ലാ ഡെലിഗേറ്ററുകളുടേയും പ്രശംസക്ക് പാത്രമായിട്ടുണ്ട്. നോര്‍ത്ത് അമേരിക്കന്‍ മലയാളി യോഗങ്ങളില്‍ ഏറ്റവും വലുതും ശ്രേഷ്ഠവുമായ ഫൊക്കാന കണ്‍വെന്‍ഷന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയ ജോയി ഇട്ടനെ വെസ്റ്റ് ചെസ്റ്റര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അഭിനന്ദനം അറിയിച്ചു.
ഫൊക്കാന നേതൃത്വം തന്നിലേല്പിച്ച ഈ സ്ഥാനം അതിന്റേതായ ഉത്തരവാദിത്വത്തോടും കര്‍ത്തവ്യ ബോധത്തോടും കൂടി കാത്തു സൂക്ഷിക്കുമെന്നും 2014 ചിക്കാഗോ കണ്‍വെന്‍ഷന്‍ കണ്‍വെന്‍ഷനുകളുടെ ചരിത്രത്തിലെ തന്നെ ഒരു മഹാ സംഭവമാക്കി മാറ്റുമെന്നും അദ്ദേഹം ഫൊക്കാന നേതൃത്വത്തിന് ഉറപ്പു നല്‍കി.
ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സില്‍ സ്ഥിരതാമസമ്മാക്കിയ അദ്ദേഹം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. ഭാര്യ ജെസ്സി. ആന്‍മേരി, എലിസബേത്ത്, ജോര്‍ജ്ജ് ഇമ്മാനുവേല്‍ എന്നീ മൂന്നു മക്കളുടെ പിതാവായ അദ്ദേഹം ഷെവലിയാര്‍ ജോര്‍ജ്ജ് പാടിയേടത്തിന്റെ സഹോദരന്‍ കൂടി ആണ്.
അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തന മികവ് ഫൊക്കാന കണ്‍വെന്‍ഷന് മുതല്‍ക്കൂട്ടാകുമെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അഭിപ്രായപ്പെട്ടു.
മാത്യു മൂലേച്ചേരില്‍ പ്രോംറ്റ് ന്യൂസ്
|