.
.

Gulf

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മററി റോയല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ നടത്തുന്ന കെ. കരുണാകരന്‍ മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയുള്ള ഒന്നാമത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് മാര്‍ച്ച് ഒന്നിന് (വെള്ളി)നടക്കും. പ്രശസ്തരായ എട്ടു പ്രവാസി ഫുട്‌ബോള്‍ ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണ്ണമെന്റ് ഡിപ്‌ളോമാററിക് ക്വാര്‍ട്ടേഴ്‌സിന് എതിര്‍വശത്തുള്ള ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അക്കാദമി ഗ്രൗണ്ടിലായിരിക്കും നടക്കുക എന്ന് ടൂര്‍ണമെന്റിനെക്കുറിച്ചറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ഏറെ പുതുമകളോടെ കാല്‍പ്പന്തുകളിയുടെ വീറും വാശിയും ചോര്‍ന്നു പോകാതെ കാണികള്‍ക്ക് മനോഹരമായ ഫുട്‌ബോള്‍ വാരാന്ത്യങ്ങള്‍ സമ്മാനിക്കുന്നതായിരിക്കും ഒന്നാമത് ഒഐസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്ന് ഒഐസിസി പ്രസിഡന്റ് കുഞ്ഞി കുമ്പള പറഞ്ഞു. വെള്ളി ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കും.

ഒഐസിസി യുടെ 14 ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറും. ഒന്നര മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ ഏപ്രില്‍ 19 ന് ആയിരിക്കും. റോയല്‍ എഫ്.സി, റെയിന്‍ബോ, യുണൈറ്റഡ് ഫ്രന്റ്‌സ് ശാര റെയില്‍, റിയാദ് ഇന്ത്യന്‍ സോക്കര്‍, യൂത്ത് ഇന്ത്യ, അസീസിയ സോക്കര്‍, കേരള ഇലവന്‍, ഒബയാര്‍ ട്രാവല്‍സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്‌സരിക്കാന്‍ കളത്തിലിറങ്ങുക.

ഉദ്ഘാടന മത്‌സരത്തില്‍ കേരള ഇലവന്‍ ഫുട്‌ബോള്‍ ടീം യൂത്ത് ഇന്ത്യയെ നേരിടും. അന്ന് തന്നെ നടക്കുന്ന രണ്ടാമത്തെ മത്‌സരത്തില്‍ റോയല്‍ എഫ്.സി ഒബയാര്‍ ട്രാവല്‍സുമായും കളിക്കുന്നതാണ്. ആകര്‍ഷകങ്ങളായ സമ്മാനങ്ങളോടൊപ്പം ക്യാഷ് പ്രൈസും നല്‍കുന്ന ഒഐസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മുഴുവന്‍ വരുമാനവും ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ജീവകാരുണ്യ ഫണ്ടിലേക്ക് നീക്കി വയ്ക്കുമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള വല്ലാഞ്ചിറ അറിയിച്ചു. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പൂര്‍ണ സഹകരണത്തോടേയും പിന്തുണയോടേയും നടക്കുന്ന ഒഐസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റോയല്‍ ട്രാവല്‍സിനോടൊപ്പം ഷിഫ അല്‍ ജസീറ പോളിക്ലിനിക്ക്, മുബാറക് ആശുപത്രി, റിയാദ് വില്ല, നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, ജിമാര്‍ട്ട്, എബിസി കാര്‍ഗോ, സഫാമക്ക ഹാര, സിറ്റി ഫ്‌ളവര്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ സഹകരിക്കുന്നുണ്ട്.

ഒഐസിസി ജീവകാരുണ്യ ഫണ്ടിനു വേണ്ടി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടക്കുന്ന ഭാഗ്യ നറുക്കെടുപ്പില്‍ നൂറുഗ്രാം സ്വര്‍ണമടക്കം ആകര്‍ഷകങ്ങളായ സമ്മാനങ്ങളുണ്ടായിരിക്കുമെന്ന് കണ്‍വീനര്‍ ശശി പിള്ള പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. സമാപനച്ചടങ്ങില്‍ വെച്ച് റിയാദിലെ പ്രവാസി ഫുട്‌ബോളിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ആറ് പ്രവാസി മലയാളികളെ ആദരിക്കുമെന്നും സംഘാടനകര്‍ പറഞ്ഞു.

ഒഐസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാണാനെത്തുന്നവര്‍ക്കായി ബത്ഹയിലെ അല്‍ റയാന്‍ പോളിക്ലിനിക്ക് പരിസരത്തു നിന്നും പ്രത്യേക വാഹന സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. ഇതിനായി 0500291806, 0504695894 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്താസമ്മേളനത്തില്‍ മീഡിയ കണ്‍വീനര്‍ രഘുനാഥ് പറശിനിക്കടവ്, റോയല്‍ ട്രാവല്‍സ് പ്രതിനിധി ഹംസ വേങ്ങര, സിദ്ദീഖ് കല്ലൂപറമ്പന്‍, ജമാല്‍ എരഞ്ഞിമാവ് എന്നിവരും പങ്കെടുത്തു.

 

 

 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Hosting: Ilimitada Hosting Chile VPS