|
സൗദിയിലെ ഇന്ത്യക്കാര്‍ക്ക് വിസ നിയമവിധേയമാക്കാന്‍ അവസരം

സൗദി അറേബ്യയില്‍ നിയമപരമായി എത്തിയ ഇന്ത്യക്കാര്‍ക്ക് വിസ സ്റ്റാറ്റസ് ക്രമീകരിക്കാന്‍ അവസരം. സൗദി ഭരണകൂടത്തില്‍ സ്വമേധയ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ ജോലിക്കു ശ്രമിക്കാനോ നാട്ടിലേക്കു തിരിച്ചു പോകാനോ ഉള്ള അവസരമൊരുക്കുന്നതാണ് പുതിയ നടപടി.നിതാഖത്ത് നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ മൂന്നു മാസത്തേക്ക് വിസ നടപടികള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം. സൗദി തൊഴില്‍ മന്ത്രാലയം ഈയാഴ്ച നടത്തിയ സംയുക്ത ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘവുമായി സൗദി തൊഴില്‍ മന്ത്രി അദെല്‍ ഫക്കീം ഏപ്രില്‍ 28ന് നടത്തിയ ചര്‍ച്ചയിലാണ് സംയുക്ത ഗ്രൂപ്പിന്‍റെ ചര്‍ച്ചയ്ക്ക് തീരുമാനമായത്. നിതാഖത്ത് നിയമത്തിന്‍റെ പശ്ചാചത്തലത്തില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയാണ് ഗ്രൂപ്പ് ഉദ്ദേശിച്ചത്. 10 കുടിയേറ്റ തൊഴിലാഴികള്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സ്ഥാപനങ്ങളില്‍ ഒരു സൗദി പൗരന്‍ എന്ന തോതില്‍ തൊഴിലിടങ്ങളില്‍ ക്രമീകരണം കൊണ്ടുവരുന്നതാണ് നിതാഖത്ത് നിയമം. 20 ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്. നിയമം ശക്തമാക്കുന്നതോടെ ഇവരുടെ നില പരുങ്ങലിലാകും. വിസ കാലാവധിക്കുശേഷവും സൗദിയില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ക്ക് വീണ്ടും ജോലി നല്‍കുന്നതിനെക്കുറിച്ചും സംയുക്ത ഗ്രൂപ്പ് ചര്‍ച്ച ചെയ്തു. നിതാഖത്ത് ബാധിക്കുന്നവരും വിസ കാലാവധി കഴിഞ്ഞവരുമായ എല്ലാ ഇന്ത്യക്കാരും സൗദി തൊഴില്‍ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
|