.
.

വൈദ്യുതിനിയന്ത്രണം വരും; സര്‍വകക്ഷിയോഗം ഉടന്‍

തൊടുപുഴ: കാലവര്‍ഷം 55 ദിവസം പിന്നിട്ടിട്ടും വൈദ്യുതി ബോര്‍ഡിന്റെ ജലസംഭരണികളില്‍ ലഭിച്ചത് പ്രതീക്ഷിച്ചതിന്റെ 48.15 ശതമാനം നീരൊഴുക്കുമാത്രം. പ്രതിദിന വൈദ്യുതോപയോഗം 55 ദശലക്ഷം യൂണിറ്റിലെത്തിനില്‍ക്കെ, അവശേഷിക്കുന്നത് 769.745 ദശലക്ഷം യൂണിറ്റ് ഉല്പാദനത്തിനുള്ള വെള്ളം. ഈ സാഹചര്യത്തില്‍ വൈദ്യ്യുതിനിയന്ത്രണം ഉറപ്പായി. ഇതിനായി ആവശ്യമെങ്കില്‍ ഉടന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.ജലവൈദ്യുതിയെമാത്രം ആശ്രയിച്ചാല്‍ 14 ദിവസത്തെ ഉല്പാദനത്തിനുള്ള വെള്ളമേ സംഭരണികളിലുള്ളൂ. തിങ്കളാഴ്ച 17.66 ദശലക്ഷം യൂണിറ്റായി ജലവൈദ്യുതോല്പാദനം നിയന്ത്രിച്ച് ബാക്കി കേന്ദ്രപൂളില്‍നിന്നും പൊതുവിപണിയില്‍നിന്നും കണ്ടെത്തി. ഇതേ നിലയില്‍ ക്രമീകരിച്ചാല്‍പോലും 43 ദിവസമേ ജലവൈദ്യുതോല്പാദനം നടക്കൂ.

ആകെ സംഭരണശേഷിയുടെ 18.59 ശതമാനമാണ് എല്ലാ ജലസംഭരണികളിലുമായി ഇപ്പോഴുള്ള വെള്ളം. കഴിഞ്ഞവര്‍ഷം ഇതേദിവസം 2015.492 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഉണ്ടായിരുന്നു. ഇതിന്റെ 38 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. കേന്ദ്രപൂളില്‍നിന്ന് 22.01 ദശലക്ഷം യൂണിറ്റാണ് തിങ്കളാഴ്ച ലഭിച്ചത്. 11.28 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നുവാങ്ങി. ഒരു യൂണിറ്റിന് 4.47 രൂപയാണ് വില.ഈ വര്‍ഷം ഇതുവരെ 546.37 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമേ സംഭരണികളിലേക്ക് ഒഴുകിയെത്തിയിട്ടുള്ളൂ. 1134.64 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമായിരുന്നു പ്രതീക്ഷ. 55 ദിവസത്തില്‍ പ്രതീക്ഷിച്ച മഴ കിട്ടിയത് ഒന്‍പതു ദിവസം മാത്രം. 12 മുതല്‍ 30 വരെ മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട ദിവസങ്ങളാണ് കടന്നുപോയത്. ഇതില്‍ 27 ദിവസവും 11-ഓ അതില്‍ കുറവോ മില്ലിമീറ്ററേ പെയ്തുള്ളൂ.

വര്‍ഷപാതത്തില്‍ 50 ശതമാനമെങ്കിലും കുറവുണ്ടെന്നാണ് കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട് കാലാവസ്ഥാ വിശകലനം നടത്തുന്ന വിദഗ്ദ്ധര്‍ പറയുന്നത്. വൈദ്യുതിനില അവലോകനം ചെയ്യാന്‍ 28ന് കളമശ്ശേരിയിലെ ലോഡ് ഡെസ്പാച്ച് യൂണിറ്റില്‍ ഉന്നതതലയോഗം ചേരുന്നുണ്ട്. അതിനുശേഷമാകും വൈദ്യുതിനിയന്ത്രണം നിശ്ചയിക്കപ്പെടുക. കായംകുളം എല്‍.എന്‍.ജി.പദ്ധതി വന്നില്ലെങ്കില്‍ കേരളം കൂരിരുട്ടിലാകുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറയുന്നു. പദ്ധതിയോടുള്ള എതിര്‍പ്പ് മറികടക്കുന്നതിനും സര്‍വകക്ഷിയോഗത്തില്‍ ശ്രമമുണ്ടായേക്കും.

വൈദ്യുതിനിയന്ത്രണം വരും
 
Hosting: Ilimitada Hosting Chile VPS