.
.

മമതക്ക് മനംമാറ്റം?

യു.പി.എ. ഘടകകക്ഷികളുടെ യോഗത്തില്‍ തൃണമൂല്‍ പങ്കെടുക്കും

കൊല്‍ക്കത്ത: യു.പി.എയുമായുള്ള നിലപാടില്‍ മമതാ ബാനര്‍ജിയ്ക്ക് മനംമാറ്റം. ജൂലൈ 14 ന് വിളിച്ചുചേര്‍ത്ത യു.പി.എ. ഘടകകക്ഷികളുടെ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി കേന്ദ്രമന്ത്രി മുകുള്‍ റോയ് പങ്കെടുക്കും. യോഗവിവരം അറിയിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തന്നെ മമതയെ ഫോണില്‍ വിളിക്കുകയായിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു.

ഈ സാഹചര്യം മറികടക്കാനുള്ള ശ്രമം കൂടിയാണ് പ്രധാനമന്ത്രിയുടെ നേരിടുള്ള വിളി. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള യോഗത്തില്‍ തങ്ങളെ ക്ഷണിച്ചില്ലെന്ന് മമതക്ക് ആക്ഷേപമുണ്ടായിരുന്നു. ഇത്തവണ ആക്ഷേപം ഉണ്ടാകാതിരിക്കാനും രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പ് മമതയുമായി നല്ല ബന്ധം സ്ഥാപിക്കാനുമായാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള യോഗത്തിലേക്ക് മമതയെ പ്രധാനമന്ത്രി നേരിട്ട് വിളിച്ചത്.

സി.പി.എമ്മുമായുള്ള കോണ്‍ഗ്രസിന്റെ അടുപ്പം കൂടി വരുന്നതും മമതയെ പുനര്‍ചിന്തക്ക് നിര്‍ബന്ധിക്കുന്നുണ്ട്. ഹമീദ് അന്‍സാരിയെ ഉപരാഷ്ട്രപതിയാക്കുന്നതില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും ഒരേ അഭിപ്രായമാണ് വെച്ചുപുലര്‍ത്തുന്നത്. പക്ഷേ മമതക്ക് ഇക്കാര്യത്തില്‍ വിയോജിപ്പാണുള്ളത്. മമത മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലക്ക് മമതയുടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് സ്വീകരിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച.

മമതക്ക് മനംമാറ്റം?
 
Hosting: Ilimitada Hosting Chile VPS