.
.

അതിശയനായി മെസ്സി; വരവറിയിച്ച് ബ്രസീല്‍ യുവനിര

 

ന്യൂജഴ്‌സി: ആര്‍ക്കും തടയാനാവാത്ത പ്രവാഹമായി മുന്നേറുന്ന ലയണല്‍ മെസ്സി. രണ്ടുവര്‍ഷത്തിനപ്പുറം ലോകകപ്പിന് ആതിഥ്യംവഹിക്കുമ്പോള്‍, അതില്‍ കിരീടമുയര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്ത ബ്രസീല്‍ യുവനിര. ഏഴുഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് അര്‍ജന്‍റീന വിജയിച്ചിരിക്കാം. എന്നാല്‍, ലണ്ടന്‍ ഒളിമ്പിക്‌സിലേക്ക് സ്വര്‍ണപ്രതീക്ഷയോടെ മുന്നേറുന്ന ബ്രസീല്‍ യുവനിര തെല്ലും നിരാശപ്പെടുത്തിയില്ലെന്നതാണ് വസ്തുത.  മെസ്സിയും ബ്രസീലും തമ്മിലുള്ള പോരാട്ടമായിരുന്നു ന്യൂജഴ്‌സിയില്‍. മികച്ച താരനിരയെ അണിനിരത്തിയ അര്‍ജന്‍റീനയ്ക്കുതന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. എന്നാല്‍, വലിയ എതിരാളികളെ തെല്ലും ഭയക്കാതെ ബ്രസീല്‍ യുവനിര തിരിച്ചടിച്ചു. അര്‍ജന്‍റീനയുടെ ദൗര്‍ബല്യങ്ങളിലൂടെ അവര്‍ ഗോളുകള്‍ കണ്ടെത്തുകയും ചെയ്തു. ചിരവൈരികളോട് തോറ്റെങ്കിലും നെയ്മറും ഓസ്‌കറും റൊമിലോയുമൊക്കെയടങ്ങിയ യുവനിര മികച്ച പ്രകടനംതന്നെയാണ് കാഴ്ചവെച്ചത്.   മെസ്സി മാത്രമായിരുന്നു മത്സരത്തിലെ വ്യത്യാസം. മത്സരത്തിന്റെ തുടക്കംമുതല്‍ മുന്നേറ്റങ്ങള്‍ ആസൂത്രണംചെയ്ത് ബ്രസീല്‍ മുന്നേറിയപ്പോള്‍, അര്‍ജന്‍റീന താളംകണ്ടെത്താന്‍ വൈകി. ആദ്യഗോള്‍ നേടി മത്സരത്തിലെ മുന്‍തൂക്കം ബ്രസീല്‍ തെളിയിക്കുകയും ചെയ്തു. നെയ്മറെടുത്ത ഫ്രീക്കിക്കില്‍നിന്ന് റൊമുലോ നേടിയ ആദ്യ ഗോള്‍ മുതല്‍ അര്‍ജന്‍റീനയുടെ പ്രതിരോധം ഉലഞ്ഞുകൊണ്ടിരുന്നു. എന്നാല്‍, മെസ്സിയുടെ മാന്ത്രിക മികവില്‍ ബ്രസീല്‍ ആദ്യ പകുതിയില്‍ത്തന്നെ രണ്ടുതവണ തോറ്റു. സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ താരങ്ങളായ ഗോണ്‍സാലോ ഹിഗ്വയ്‌നെയും എയ്ഞ്ചല്‍ ഡി മരിയയെയും കൂട്ടുപിടിച്ച് 32-ാംമിനുറ്റിലും 35-ാം മിനുറ്റിലും ബ്രസീല്‍ പ്രതിരോധത്തെയും ഗോളി റാഫേലിനെയും മെസ്സി കബളിപ്പിച്ചു. ഈ രണ്ടുവട്ടവും മെസ്സിയെത്തടയാനാവില്ലെന്ന മട്ടിലായിരുന്നു ബ്രസീല്‍ പ്രതിരോധത്തിന്റെ കീഴടങ്ങല്‍.

മെസ്സി ഗോള്‍ നേടിയ ഈ മിനുറ്റുകളിലൊഴികെ ബ്രസീലിനായിരുന്നു കളിയില്‍ മുന്‍തൂക്കം. രണ്ടാം പകുതിയില്‍ അവര്‍ അര്‍ജന്‍റീനയെ സ്വന്തം ഹാഫില്‍ത്തന്നെ തളച്ചിടുകയും ചെയ്തു. ഒരുഗോളിന് പിന്നിട്ടുനിന്ന അവര്‍ 56-ാം മിനുറ്റില്‍ ഓസ്‌കറിലൂടെയും 71-ാം മിനുറ്റില്‍ ഹള്‍ക്കിലൂടെയും തിരിച്ചടിച്ച് മുന്നില്‍ക്കയറി. തന്റെ ടീമിന്റെ പ്രതിരോധക്കുറവില്‍ കോച്ച് അലസാന്‍ഡ്രോ സബേല അസ്വസ്ഥനായ നിമിഷങ്ങളായിരുന്നു അവ. ഓസ്‌കര്‍ നേടിയ ബ്രസീലിന്റെ രണ്ടാം ഗോള്‍ അര്‍ജന്‍റീനയുടെ പ്രതിരോധമില്ലായ്മയുടെ മികച്ച ഉദാഹരണമായി മാറി.  എന്നാല്‍, 76-ാം മിനുറ്റില്‍ അര്‍ജന്‍റീനാ ടീമിലെ ഉയരക്കാരനായ ഫ്രെഡറിക്കോ ഫെര്‍ണാണ്ടസിന്റെ ഹെഡ്ഡര്‍ സ്‌കോര്‍ നില വീണ്ടും 3-3 ആക്കി മാറ്റി. അഗ്യൂറോയുടെ കോര്‍ണറില്‍നിന്നായിരുന്നു ഗോള്‍. തൊട്ടുപിന്നാലെ രണ്ടുവട്ടം ബ്രസീല്‍ ഗോളി റാഫേലിനെ മെസ്സി പരീക്ഷിച്ചെങ്കിലും, 85-ാം മിനുറ്റിലാണ് ടീമിന്റെ വിജയമുറപ്പിച്ച ഗോള്‍ ബാഴ്‌സ താരം നേടിയത്. മെസ്സിക്ക് മാത്രം സാധ്യമാവുന്ന ഗോള്‍. മധ്യനിരയില്‍നിന്ന് ഒറ്റയ്ക്ക് മുന്നേറി, ബോക്‌സിനുമുന്നില്‍നിന്ന് തൊടുത്ത ഷോട്ടിലൂടെയാണ് മെസ്സി ഗോളി റാഫേലിനെ പിന്തള്ളിയത്. ബ്രസീലിനെതിരെ മെസ്സിയുടെ ആദ്യ ഹാട്രിക് ഇതോടെ പൂര്‍ത്തിയായി. ഇക്കൊല്ലം രണ്ടാം തവണയാണ് മെസ്സി അര്‍ജന്‍റീനയ്ക്കായി ഹാട്രിക് പ്രകടനം നടത്തുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയായിരുന്നു ആദ്യ ഹാട്രിക്.

1999-നുശേഷം ഇത്രയും ഗോള്‍ അര്‍ജന്‍റീന-ബ്രസീല്‍ മത്സരത്തില്‍ പിറക്കുന്നത് ആദ്യമായാണ്. 1999-ല്‍ പോര്‍ട്ടോ അല്ലെഗ്രെയില്‍ നടന്ന സൗഹൃദമത്സരത്തില്‍ ബ്രസീല്‍ 4-2ന് വിജയിച്ചിരുന്നു. ഇരുടീമുകളും ഏഴു ഗോള്‍ സ്‌കോര്‍ ചെയ്ത അവസാന മത്സരം 1963-ലാണ് റോക്ക കപ്പിലെ മത്സരത്തില്‍ ബ്രസീല്‍ 5-2 വിജയിച്ചു.

 

അതിശയനായി മെസ്സി; വരവറിയിച്ച് ബ്രസീല്‍ യുവനിര
 
Hosting: Ilimitada Hosting Chile VPS