|
സുല്‍ത്താന്‍ കെ.കെ.ആര്‍
* കൊല്‍ക്കത്തയ്ക്ക് ആദ്യ ഐ.പി.എല്‍ കിരീടം. * ചെന്നൈ 3ന് 190, കൊല്‍ക്കത്ത 19.4 ഓവറില്‍ 5ന് 192.
* മന്‍വീന്ദര്‍ ബിസ്ല മാന്‍ ഓഫ് ദ മാച്ച്. ചെന്നൈ: മന്‍വീന്ദര്‍ ബിസ്ല ഇനി ഇന്ത്യന്‍ ക്രിക്കറ്റിന്റെയും സുല്‍ത്താനാണ്. ബോളിവുഡിന്റെ സുല്‍ത്താന്‍ ഷാരൂഖ് ഖാന്റെ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പക്കല്‍ ആദ്യ ഐ.പി.എല്‍ കിരീടമെത്തിയത് ഈ ഹരിയാണക്കാരന്റെ ബാറ്റിങ്ങിലാണ്. മന്‍വീന്ദര്‍ സുല്‍ത്താന്‍സിങ് ബിസ്ലയെന്ന, അത്രയൊന്നും പരിചിതനല്ലാത്ത താരം, ഒറൊറ്റ രാത്രകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ കൂടുകൂട്ടി. രണ്ടുപന്തുകള്‍ ശേഷിക്കെ, അഞ്ചുവിക്കറ്റ് ജയവുമായി, കൊല്‍ക്കത്തയുടെ ചുണക്കുട്ടികള്‍ പുതിയ ചരിത്രമെഴുതി. ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മലര്‍ത്തിയടിക്കുകയായിരുന്നു. 191 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം തീര്‍ത്തിട്ടും ബിസ്ലയുടെ അപ്രതീക്ഷിത കടന്നാക്രമണത്തിനുമുന്നില്‍ ചെന്നൈ നിഷ്‌നപ്രഭമായി. 48 പന്തില്‍ എട്ട് ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തി ബിസ്ല 89 റണ്‍സെടുത്തപ്പോള്‍, ജാക്ക് കാലിസെന്ന വിശ്വസ്തന്റെ (49 പന്തില്‍ 69) പോരാട്ടം കൊല്‍ക്കത്തയുടെ ലക്ഷ്യം സാക്ഷാത്കരിച്ചു. (സ്‌കോര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 ഓവറില്‍ മൂന്നിന് 190. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 19.4 ഓവറില്‍ അഞ്ചിന് 192.) ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ ഫോമിനെ അമിതമായി ആശ്രയിക്കുവെന്നതായിരുന്നു പണ്ഡിതന്മാര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ചാര്‍ത്തിക്കൊടുത്ത ദുഷ്‌പേര്. ആദ്യ ഓവറിന്റെ അവസാന പന്തില്‍ ഗംഭീറിനെ (2) നഷ്ടമായപ്പോള്‍ കൊല്‍ക്കത്ത തീര്‍ന്നുവെന്ന് അവര്‍ കരുതിക്കാണും. എന്നാല്‍, ജാക്ക് കാലിസിന്റെ സൗമ്യസുന്ദരമായ ഇന്നിങ്‌സിനെ കൂട്ടുപിടിച്ച് ബ്ലിസ പൊട്ടിത്തെറിച്ചപ്പോള്‍ ചെപ്പോക്ക് നടുങ്ങുകയായിരുന്നു പിന്നീട്. ഐ.പി.എല്ലിന്റെ അഞ്ചു സീസണുകള്‍ക്കിടെ മൂന്ന് ടീമുകള്‍ മാറി മാറി ഭാഗ്യം പരീക്ഷിച്ച ബിസ്ല അഞ്ചാം സീസണില്‍ വൈകിയുദിച്ച നാട്ടുരാജാവാണ്. ഐ.പി.എല്‍ ഫൈനലുകളിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ് ബിസ്ല തന്റെ പേരിലാക്കിയത്. ആദ്യ സീസണില്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്റെയും പിന്നീട് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെയും താരമായിരുന്നു ബിസ്ല. ഫോം കണ്ടെത്താന്‍ വിഷമിച്ച ബ്രെണ്ടന്‍ മെക്കല്ലത്തിനു പകരം ടീമിന്റെ വിക്കറ്റ് കീപ്പറായി നിയോഗിക്കപ്പെട്ട ബിസ്ലയുടെ ബാറ്റിങ് മികവ് കൊല്‍ക്കത്തയ്ക്ക് വിജയത്തിലേക്കുള്ള കുറുക്കുവഴി കൂടിയായി. കാലിസുമൊത്ത് 136 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തശേഷമാണ് ബിസ്ല മടങ്ങിയത്. ബിസ്ല പോയശേഷം ടീമിന്റെ ചുമതല ഒറ്റയ്ക്ക് ചുമലിലേറ്റിയ ജാക്ക് കാലിസ് ഏഴ് ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെയാണ് 69 റണ്‍സെടുത്തത്. 19-ാം ഓവര്‍ എറിഞ്ഞ ഹില്‍ഫനോസിന്റെ പന്തില്‍ കാലിസ് പുറത്തായെങ്കിലും, ഷാക്കിബ് അല്‍ ഹസനും (11 നോട്ടൗട്ട്) മനോജ് തിവാരിയും (9 നോട്ടൗട്ട്) ചേര്‍ന്ന് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. സുരേഷ് റെയ്‌ന സീസണിലാദ്യമായി തന്റെ പെരുമക്കൊയ്ത്ത പ്രകടനം കാഴ്ടവെച്ചപ്പോഴാണ് ചെന്നൈ വലിയ സ്‌കോറിലേക്ക് ചിറകടിച്ചുയര്‍ന്നത്. 38 പന്തില്‍ മൂന്ന് ബൗണ്ടറിയും അഞ്ച് സിക്‌സറുമടക്കം 73 റണ്‍സെടുത്ത സുരേഷ് റെയ്‌നയുടെയും 43 പന്തില്‍ നാല് ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും സഹായത്തോടെ 54 റണ്‍സെടുത്ത മൈക്ക് ഹസിയുടെയും പ്രകടനങ്ങളാണ് ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഹസിക്കൊപ്പം 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മുരളി വിജയ് 32 പന്തില്‍ നാല് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 42 റണ്‍സ് നേടി. ആദ്യഫൈനലിന് അഞ്ചു സീസണ്‍ കാത്തിരിക്കേണ്ടിവന്ന കൊല്‍ക്കത്തയ്ക്ക് ആദ്യശ്രമം തന്നെ കിരീടത്തിലെത്തിക്കാനായി. ആദ്യ സീസണില്‍ ആറാം സ്ഥാനത്തും രണ്ടാം സീസണില്‍ അവസാന സ്ഥാനത്തുമായിരുന്നു കൊല്‍ക്കത്ത. മൂന്നാം സീസണില്‍ വീണ്ടും ആറാം സ്ഥാനത്തേയ്ക്ക് കയറിയ കൊല്‍ക്കത്ത, കഴിഞ്ഞ സീസണില്‍ സെമിയിലെത്തിയെങ്കിലും മുംബൈയോട് പരാജയപ്പെട്ടു.
|
















