|
ഒടുവില്‍ ഷാരൂഖും അജയ്‌ദേവ്ഗണും ഒന്നിക്കുന്നു
ഒടുവില്‍ മഞ്ഞുരുകുകയാണ്. ബോളിവുഡിലെ രണ്ട് സൂപ്പര്‍താരങ്ങളായ ഷാരൂഖ്ഖാനും അജയ്‌ദേവ്ഗണും ആദ്യമായി ഒന്നിക്കുന്ന ചിത്രം സംഭവിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇരുവര്‍ക്കും തുല്യപ്രാധാന്യം ഉണ്ടാകുമെന്നറിയുന്ന ചിത്രം ഒരുക്കുന്നത് കരണ്‍ ജോഹറാണ്. രോഹിത്‌ഷെട്ടിയാകും സംവിധായകന്‍. അതെ, ബോളിവുഡ് കണ്ട പ്രമുഖ നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹറും മറ്റൊരു പ്രമുഖ സംവിധായകനായ രോഹിത് ഷെട്ടിയും ഒരുമിക്കുന്നു എന്നതാണ് മറ്റൊരു വിസ്മയവിശേഷം. വര്‍ഷങ്ങളായി ബോളിവുഡില്‍ സജീവമാണെങ്കിലും ഇരുവരും ഇതുവരെ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ഇതിനുള്ള കാരണങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു. ഈഗോ പ്രശ്‌നങ്ങള്‍ മൂലമാണ് ഇരുവരും ഒന്നിക്കാതിരുന്നതെന്നായിരുന്നു ഒരു മാധ്യമം എഴുതിയത്. ഷാരൂഖും അജയും തമ്മില്‍ കണ്ടാല്‍ 'ഹായ്' എന്നുപോലും വിഷ് ചെയ്യാറില്ലെന്നും തമ്മില്‍ കാണുന്ന അവസരങ്ങള്‍ ഇരുവരും ഇടപെട്ട് ഒഴിവാക്കുകയാണെന്നുമായിരുന്നു മറ്റൊരു കണ്ടെത്തല്‍. എന്നാല്‍, ഷാരൂഖും അജയും ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. എന്നിട്ടും മാധ്യമങ്ങള്‍ ഇരുവരെയും വെറുതെ വിടാന്‍ തയ്യാറായില്ല. മറ്റുചില മാധ്യമങ്ങള്‍ ഒരു മുഴം നീട്ടിയെറിഞ്ഞു. അജയ്‌ദേവ്ഗണിന്റെ ഭാര്യയും നടിയുമായ കജോളുമായി ചേര്‍ത്തായിരുന്നു ഈ ഗോസിപ്പ് നിരത്തിയത്. ഷാരൂഖിന്റെ അടുത്ത സുഹൃത്തായാണ് കജോള്‍ അറിയപ്പെടുന്നത്. ഈ സൗഹൃദം തന്നെയായിരുന്നു ഷാരൂഖ്-അജയ് ബന്ധത്തില്‍ വില്ലനാകുന്നത് എന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. ഷാരൂഖുമൊത്താണ് കജോളിന്റെ കരിയറില്‍ വമ്പന്‍ ഹിറ്റുകള്‍ ഉണ്ടായിരുന്നത്.
കരണ്‍ അര്‍ജുന്‍, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ, കുച്ച് കുച്ച് ഹോത്താഹെ, മൈ നെയിം ഈസ് ഖാന്‍, ബാസിഘര്‍, കബി ഖുശി കബിഗം എന്നിവ ഉദാഹരണങ്ങള്‍ മാത്രമാണ്. ഇത്രയേറെ ഹിറ്റുകള്‍ ഭര്‍ത്താവാകുന്നതിന് മുമ്പും പിന്‍പും അജയിനൊപ്പം അഭിനയിച്ചപ്പോള്‍ കജോളിന് ലഭിച്ചിരുന്നില്ല. ഇതും അജയ്‌ദേവ്ഗണെ ഏറെ വിഷമിപ്പിച്ചിരുന്നെന്നും ഇത് ഷാരൂഖിനോടുള്ള വിരോധമായി പരിണമിക്കുകയായിരുന്നെന്നും ഇവര്‍ എഴുതിപ്പിടിപ്പിച്ചു. ഇതിന്റെ പിന്നാലെയും താരങ്ങളുടെ നിഷേധം വന്നെങ്കിലും ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങള്‍ മാത്രം സംഭവിച്ചില്ല. ഈ ഘട്ടത്തിലാണ് ഷാരൂഖിന്റെ അടുത്ത സുഹൃത്തുകൂടിയായ കരണ്‍ ജോഹര്‍ ഇവരെ ഒന്നിപ്പിക്കാനുള്ള ദൗത്യവുമായി രംഗത്തെത്തുന്നത്. താന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ത്തന്നെ ഇരുവരെയും പങ്കെടുപ്പിച്ച് മഞ്ഞുരുക്കാനുള്ള കരണിന്റെ ദൗത്യം വിജയിച്ചെന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ്-കരണ്‍ ബന്ധത്തെപ്പോലെത്തന്നെ ദൃഢമാണ് അജയ്-രോഹിത് ഷെട്ടി ബന്ധം. അതുകൊണ്ടുതന്നെ ഇരു നടന്മാര്‍ക്കും തുല്യപ്രാധാന്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.ആക്ഷന്‍, സസ്‌പെന്‍സ്, റൊമാന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു ത്രില്ലറായിരിക്കും ഈ ചിത്രമെന്നാണ് പ്രാരംഭസൂചനകള്‍. 2013 മധ്യത്തോടെ ചിത്രം തുടങ്ങാനാണ് നീക്കമെന്നാണ് അറിയുന്നത്.
|

















