.
.

ഇന്ന് ഫൈനല്‍

മ്യൂണിക്ക്: യൂറോപ്യന്‍ ഫുട്‌ബോള്‍കിരീടം നാലുതവണ സ്വന്തമാക്കിയവരാണ് ബയറണ്‍ ടീം. ചെല്‍സിയാവട്ടെ കന്നിക്കിരീടമാണ് നോട്ടമിടുന്നത്. ഇരുടീമും ശനിയാഴ്ച യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇറങ്ങുന്നത് അവസാന കടമ്പയില്‍ കാലിടറിയതിന്റെ ഓര്‍മകളുമായാണ്. 2010 ഫൈനലില്‍ മാഡ്രിഡില്‍ ഇന്റര്‍മിലാനോട് എതിരില്ലാത്ത രണ്ടുഗോളിന് തോല്‍ക്കുകയായിരുന്നു ബവേറിയന്‍മാര്‍. ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സി ഒരിക്കല്‍മാത്രമാണ് ഫൈനലില്‍ കടന്നത്. മോസ്‌കോയിലെ 2008-ലെ കലാശപ്പോരില്‍ നാട്ടുകാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍ക്കാനായിരുന്നു ചെല്‍സിയുടെ വിധി.

സീസണിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നതൊഴിച്ചാല്‍ ബയറണും ചെല്‍സിക്കും ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തായിരുന്നു നീലപ്പട. എന്നാല്‍ പുതിയ കോച്ച് റോബര്‍ട്ടൊ ഡി മാറ്റിയോയുടെ കീഴില്‍ എഫ്.എ. കപ്പ് ചെല്‍സി സ്വന്തമാക്കി.

ചാമ്പ്യന്‍മാരായ ബാഴ്‌സലോണയെ ഞെട്ടിച്ച് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. ജര്‍മന്‍ ലീഗില്‍ ഇത്തവണയും കിരീടം വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ട ബയറണ്‍ രണ്ടാംസ്ഥാനത്തായിരുന്നു. ജര്‍മന്‍കപ്പ് ഫൈനലില്‍ കഴിഞ്ഞയാഴ്ച ഡോട്ട്മുണ്ടിനോടേറ്റ 5-2ന്റെ തോല്‍വിജുപ്പ് ഹൈനെക്ക്‌സിന്റെ ടീമിന് കനത്ത ആഘാതമായിരുന്നു. എന്നാല്‍, അലിയന്‍സ് അരീനയില്‍ കഴിഞ്ഞ 14 കളിയില്‍ 13-ലും ജയിച്ച ചരിത്രം ബവേറിയന്‍ ടീമിന് ഉത്തേജകമാവും. സ്വന്തംതട്ടകത്തില്‍ ചാമ്പ്യന്‍സ്‌ലീഗ് ഫൈനല്‍ കളിക്കാനുള്ള അപൂര്‍വഭാഗ്യമാണ് ബയറണ് കൈവന്നിരിക്കുന്നത്.

ബാഴ്‌സയ്‌ക്കെതിരായ സെമിയില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ ക്യാപ്റ്റന്‍ ജോണ്‍ ടെറിയില്ലാതെയാണ് ചെല്‍സി കളിക്കാനിറങ്ങുന്നത്. മിഡ്ഫീല്‍ഡര്‍മാരായ റൗള്‍ മിറിലസ്, റാമിറസ്, ഡിഫന്റര്‍ ബ്രാനിസ്ലാവ് ഇവാനോവിച്ച് എന്നിവര്‍ക്കും സസ്‌പെന്‍ഷന്‍മൂലം കളിക്കാനാവില്ല. രണ്ട് മഞ്ഞക്കാര്‍ഡ് കിട്ടിയ ഹോള്‍ഗര്‍ ബാഡ്‌സ്റ്റുബര്‍, ഡേവിഡ് അലാബ, ലൂയിസ് ഗുസ്താവൊ എന്നീ ഡിഫന്റര്‍മാരെ ബയറണും കളിപ്പിക്കാനാവില്ല. ജയിക്കുന്നതാരായാലും മ്യൂണിക്കില്‍ പുതിയൊരു ചരിത്രമാവും പിറക്കുന്നത്.

ഇന്ന് ഫൈനല്‍
 
Hosting: Ilimitada Hosting Chile VPS