|
ക്ലൈമാക്‌സില്‍ കേരളം
കട്ടക്ക്: ഭാഗ്യദേവതയെ കുടിയിരുത്തിയ പഞ്ചാബി ഹൗസില്‍ മുന്നില്‍ ക്ലൈമാക്‌സില്‍ ചങ്കൂറ്റത്തിന്റെ കേരള കാഹളം. ഭാഗ്യ ഗോളില്‍ മുന്നിലെത്തിയ പഞ്ചാബിനെ പിന്നില്‍ നിന്ന് പൊരുതിക്കയറി 2-1നാണ് കേരളം വീഴ്ത്തിയത്. 73-ാം മിനിട്ടില്‍ സജിത്തും ഇഞ്ച്വറി ടൈമില്‍ ഷിബിന്‍ ലാലും നേടിയ ഗോളുകളാണ് കേരള ഫുട്‌ബോളിന് എന്നും ഓര്‍ത്തുവെക്കാവുന്ന ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്തത്.ആദ്യ പകുതിയുടെ 37-ാം മിനിട്ടില്‍ രോഹിതാണ് പഞ്ചാബിന്റെ ഭാഗ്യഗോള്‍ നേടിയത്. വിജയത്തോടെ സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ലീഗില്‍ ഗ്രൂപ്പ് എയില്‍ കേരളത്തിന് മൂന്ന് പോയന്റായി. ബംഗാളുമായി ഞായറാഴ്ചയാണ് കേരളത്തിന്റെ അടുത്ത കളി. ക്ലസ്റ്റര്‍ മല്‍സരങ്ങളുടെ ലാളിത്യത്തില്‍ നിന്ന് ശക്തരായ എതിരാളികളുടെ മുന്നിലെത്തിയതിന്റെ യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ടു തന്നെയായിരുന്നു കേരളത്തിന്റെ കളി. രാഹുല്‍ പ്ലേമേക്കറായ മിഡ്ഫീല്‍ഡില്‍ നിന്ന് വലതുവിങ്ങില്‍ റാസിയുടെ തന്ത്രപരമായ നീക്കങ്ങളിലൂടെ എതിരാളികളുടെ പെനാല്‍ട്ടിബോക്‌സിലേക്ക് കടന്നുകയറാനായിരുന്നു കേരളത്തിന്റെ പദ്ധതി. കെ.എസ്.ഇ.ബി താരം രാകേഷിന്റെ വേഗം പ്രയോജനപ്പെടുത്തി ഈ പദ്ധതി ഗോളില്‍ കലാശിപ്പിക്കാനുള്ള കേരളത്തിന്റെ ശ്രമം പലപ്പോഴും പഞ്ചാബി പ്രതിരോധനിരയെ വിറപ്പിച്ചു. പഞ്ചാബി ആക്രമണനിരക്ക് കടന്നുകയറാന്‍ അവസരം നല്‍കാതെ മധ്യനിരയില്‍ സംഘടിത ശക്തിയിലൂടെ കളിപിടിച്ച കേരളം 15-ാം മിനിട്ടില്‍ ഗോളടിച്ചെന്നു തോന്നിയതാണ്. പഞ്ചാബി ഗോളി സ്ഥാനം തെറ്റിനില്‍ക്കേ തുറന്ന പോസ്റ്റിന് മുന്നില്‍ നിന്ന് ഉസ്മാന്‍ പന്ത് പുറത്തേക്കടിച്ച് കളഞ്ഞത് പഞ്ചാബി കളിക്കാര്‍ക്ക് പോലും അവിശ്വസനീയ കാഴ്ചയായിരുന്നു. കേരളം സമ്മര്‍ദ്ദം ചെലുത്തി കളിക്കുന്നതിനിടെ 37-ാം മിനിട്ടില്‍ കളിയുടെ ഗതിക്ക് വിപരീതമായി ഗോളടിച്ചത് പഞ്ചാബായിരുന്നു. ഫ്രീകിക്കില്‍ നിന്ന കിട്ടിയ പന്ത് പെനാല്‍ട്ടി ബോക്‌സിന് വെളിയില്‍ നിന്ന് രോഹിത് അടിച്ചത് പഞ്ചാബി കളിക്കാരന്റെ തന്നെ കാലില്‍ തട്ടി റിഫ്ലക്ട് ചെയ്ത് കേരളത്തിന്റെ പോസ്റ്റില്‍ കയറുകയായിരുന്നു. ഗോളി ജോബി ജോസഫിന് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലാത്ത ഭാഗ്യഗോളിലൂടെ പഞ്ചാബ് മുന്നില്‍(1-0). ഗോള്‍ വീണിട്ടും പതറാതെ കളിച്ച കേരളം കനത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഭാഗ്യദേവത മറുവശത്തായതിനാല്‍ ഗോളെന്നുറച്ച അവസരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പാഴായി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കണ്ണനെ പിന്‍വലിച്ച് വിനീത് ആന്റണിയെ ഇറക്കിയ കേരളം ആക്രമണത്തില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന പ്രഖ്യാപനം നടത്തിയതോടെ കളി ആവേശത്തിന്റെ പാരമ്യത്തിലായി.മറുവശത്ത് ഒറ്റ ഗോള്‍ ലീഡില്‍ കടിച്ചുതൂങ്ങി പഞ്ചാബ് പ്രതിരോധത്തിന് അമിത പ്രാധാന്യം നല്‍കിയതോടെ കേരളത്തിന് കളിക്കാന്‍ കൂടുതല്‍ സ്‌പേസ് കിട്ടിയതാണ്. എന്നാല്‍ മുന്നേറ്റനിരയുടെ ലക്ഷ്യബോധമില്ലായ്മ കേരളത്തിന്റെ ഗോളെന്ന ലക്ഷ്യത്തിന് മുന്നില്‍ കടമ്പയായി നിന്നു. രാകേഷിന് പകരം 72-ാം മിനിട്ടില്‍ നസറുദ്ദീനെ ഇറക്കിയ പരീക്ഷണമാണ് കേരളത്തിന് കാത്തിരുന്ന ഭാഗ്യനിമിഷം കൊണ്ടുവന്നത്. വലതു വിങ്ങില്‍ നിന്ന് റാസി നല്‍കിയ ക്രോസാണ് കേരളത്തിന്റെ അത്യധ്വാനത്തിന് പ്രതിഫലം നല്‍കിയത്. പന്ത് പഞ്ചാബി ബോക്‌സിലെത്തുമ്പോള്‍ വലതു പോസ്റ്റിന് സമീപം മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന എസ്.ബി.ടി താരം ടി.സജിത്ത് തകര്‍പ്പനൊരു ഹെഡ്ഢറിലൂടെ പഞ്ചാബിന്റെ ഭാഗ്യദേവതയെ വെല്ലുവിളിച്ചു.(1-1). സമനിലയുടെ ആവേശത്തില്‍ ഇരമ്പിയാര്‍ത്ത കേരളം പഞ്ചാബിന്റെ കോട്ടയിലേക്ക് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടതോടെ എതിരാളികള്‍ കീഴടങ്ങിയ മട്ടായി. ഒടുവില്‍ ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം കേരളം കാത്തിരുന്ന ക്ലൈമാക്‌സായി. പകരക്കാരനായി ഇറക്കിയ വിനീത് ആന്റണി ഇടതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ബോക്‌സിലെത്തുമ്പോള്‍ പന്ത് ഷിബിന്‍ ലാലിന്റെ കാലിന് പാകത്തിലായിരുന്നു. മനോഹരമായൊരു കാര്‍പറ്റ് ഡ്രൈവിലൂടെ ഷിബിന്‍ പഞ്ചാബിന്റെ വല കുലുക്കിയപ്പോള്‍ ഒരു സ്‌ഫോടനം പോലെ കേരള ബെഞ്ച് പൊട്ടിത്തെറിച്ചു. |
















