|
ഹിറ്റ് ഡോണര്‍
ബോളിവുഡില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. ചെറുചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുന്ന ട്രെന്‍ഡിനൊപ്പം, പ്രമേയത്തിലെ വൈവിധ്യവും അവതരണത്തിലെ പുതുമയും ബോളിവുഡ് ചിത്രങ്ങളെ പ്രിയങ്കരമാക്കുന്നു. പഴയ ഓംപുരി, നസിറുദ്ദീന്‍ഷാ, സ്മിതപാട്ടീല്‍, ശബാന ആസ്മി യുഗത്തിന്റെ രണ്ടാംഘട്ടമായിപ്പോലും ഈ കാലഘട്ടം വിശേഷിപ്പിക്കപ്പെടുകയാണ്. പുതുമയെ സാക്ഷാത്കരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരുപറ്റം യുവസംവിധായകരാണ് ബോളിവുഡിന് ഈ മാറുന്ന മുഖം നല്‍കുന്നത്. അവരില്‍ പ്രമുഖനാണ് ഇന്ന് അത്ഭുത ഹിറ്റായി ബോളിവുഡ് വിശേഷിപ്പിക്കുന്ന 'വിക്കി ഡോണറു'ടെ സംവിധായകന്‍ ഷൂജിത്ത് സര്‍ക്കാര്‍. 'വിക്കി ഡോണര്‍' സുവര്‍ണ താരങ്ങളെപ്പോലും അത്ഭുതപ്പെടുത്തി പണം കൊയ്യുമ്പോള്‍ ആത്മവിശ്വാസത്തിന്റെ തേരിലേറി അടുത്ത ചിത്രം എടുക്കാനുള്ള ഒരുക്കത്തിലാണ് കൊല്‍ക്കത്ത സ്വദേശിയായ ഷൂജിത്ത് എന്ന സുജിത് സര്‍ക്കാര്‍. സനിമക്കാരെ എന്നും ആകര്‍ഷിച്ചിട്ടുള്ള ഒരു ഘടകമാണ് നൂറോളജി. ഇതിന്റെ ചുവടുപിടിച്ച് പേരും നാളും മാറ്റിയാല്‍ ഭാഗ്യം വന്നുകേറുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു വേണ്ടി മാത്രം പുതിയ പേരും വിലാസവും സ്വീകരിക്കുന്ന പ്രവണത എല്ലാ ഭാഷകളിലുമുണ്ട്. അത്തരമൊരു പേരുമാറ്റമാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്ന് ഷൂജിത്ത് പറയുന്നു: ''മുപ്പത് തികയുന്നതുവരെ സുജിത്ത് സര്‍ക്കാര്‍ എന്നായിരുന്നു എന്റെ പേര്. പക്ഷേ, ജീവിതം ക്ലച്ച് പിടിച്ചിരുന്നില്ല. ചില പരസ്യചിത്രങ്ങളില്‍ മാത്രമൊതുങ്ങിക്കഴിയുകയായിരുന്നു ഞാന്‍. അപ്പോഴാണ് അമ്മയുടെ നിര്‍ദേശാനുസരണം പേരുമാറ്റിയത്. സുജിത്ത് ഷൂജിത്ത് ആയതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 'യഹാന്‍' ആയിരുന്നു കന്നിച്ചിത്രം. പിന്നെയും ചില ചെറുചിത്രങ്ങള്‍. ഒടുവില്‍ ഒരു വലിയ ഹിറ്റിലേക്ക് ചുവടുമാറ്റം.'' ബോളിവുഡില്‍ അധികമാരും കൈവെക്കാത്ത പ്രമേയമാണ് ഈ ചിത്രത്തിന്റെ കരുത്ത്. ബീജദാനത്തിന് തയ്യാറാവുന്ന യുവാവിന്റെ കഥയാണ് ഇത്. ബീജ ബാങ്കില്‍ നിക്ഷേപിക്കപ്പെടുന്ന ഇത്തരം ബീജങ്ങള്‍ കുട്ടികളില്ലാത്ത ഒട്ടേറെ ദമ്പതിമാര്‍ക്ക് ഉപകാരപ്രദമാകാറുണ്ട്. അക്കാര്യങ്ങള്‍ പ്രതിപാദിക്കുന്നതോടൊപ്പം അതിന്റെ ചില പ്രശ്‌നങ്ങളിലേക്കും ചിത്രം വിരല്‍ചൂണ്ടുന്നു. പ്രമേയത്തിലെ ഈ വൈവിധ്യം തിരിച്ചറിഞ്ഞ നടന്‍ ജോണ്‍ അബ്രഹാം ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. തിരക്കഥ മുഴുവന്‍ വായിച്ചുകേട്ടാണ് ജോണ്‍ സമ്മതം മൂളിയത്.പുരുഷബീജദാനം ഈ ചിത്രത്തിന് പ്രമേയമായതിന് പിന്നിലെ രസകരമായ ഒരു സംഭവംകൂടി ഷൂജിത്ത് പങ്കിടുന്നുണ്ട്. ജൂഹി ചതുര്‍വേദി എന്ന വനിതാ തിരക്കഥാകൃത്താണ് ഈ ആശയം എന്റെ മുമ്പില്‍ വെക്കുന്നത്. എന്നോടൊപ്പം ഒട്ടേറെ പരസ്യചിത്രങ്ങളില്‍ ജൂഹി സഹകരിച്ചിരുന്നു. ഒരിക്കല്‍ അവര്‍ എന്നെക്കാണാന്‍ വന്നപ്പോള്‍ ഈ വിഷയം അവതരിപ്പിച്ചു. ഇതിനെ മുന്‍നിര്‍ത്തി ഒരു ചിത്രം സംവിധാനം ചെയ്താലോ എന്നവര്‍തന്നെ ചോദിച്ചപ്പോള്‍ ആദ്യം ഞാനൊന്നമ്പരന്നു. ഒരു സ്ത്രീയുടെ മനസ്സില്‍ ഇത്തരമൊരാശയം മുളപൊട്ടുമ്പോള്‍ പുരുഷനായ ഞാനത് സാക്ഷാത്കരിക്കണമെന്ന് സ്വയം തീരുമാനിച്ചു. പിന്നെ 'വിക്കി ഡോണര്‍' സംഭവിച്ചു. പിന്നെ ചില വിദഗ്ധ ഡോക്ടര്‍മാരെ ഞങ്ങള്‍ സമീപിച്ചു. ചര്‍ച്ച ചെയ്തു. അവരില്‍ നിന്നും ബിജദാനത്തിന്റെ എല്ലാ വശങ്ങളും സാങ്കേതികപ്രശ്‌നങ്ങളും അവരുടെ മുന്‍കാല അനുഭവങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. ചിത്രത്തില്‍ അനുകപൂര്‍ വേഷമിടുന്ന ഡോ. ഛദ്ദ ഇത്തമൊരു ചര്‍ച്ചയിലൂടെ ഉരുത്തിരുഞ്ഞുണ്ടായ കഥാപാത്രമാണ്.'' ''ഞാന്‍ കൊല്‍ക്കത്തക്കാരനാണ് പക്ഷേ, വളര്‍ന്നതും തിയേറ്റര്‍ അനുഭവങ്ങള്‍ സ്വാംശീകരിച്ചതും ഡല്‍ഹിയില്‍നിന്നാണ്. ഭഗത് സിങ് കോളേജിലാണ് ഞാന്‍ പഠിച്ചത്. തിയേറ്റര്‍ സംബന്ധമായ കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയത് ഇവിടെനിന്നാണ്. ചിത്രത്തിലെ നായകനായ വിക്കി പഠിച്ചത് ഈ കോളേജിലാണ്. ഇപ്പോള്‍ വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്ന പല താരങ്ങളെയും വാര്‍ത്തെടുത്ത എന്‍.കെ. ശര്‍മ എന്ന വ്യക്തിയാണ് എന്റെയും ഗുരു. എനിക്കൊപ്പം അന്നവിടെ പഠിച്ചിരുന്നവര്‍ ഇന്ന് ഏറെ പ്രഗത്ഭരാണ്. മനോജ് വാജ്‌പേയ്, ആഷിഷ് വിദ്യാര്‍ഥി, വിശാല്‍ ഭരദ്വാജ്, ഇംറാന്‍ ഖാന്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. അവിടെ ഞങ്ങള്‍ സ്വന്തമായി തിരക്കഥ രചിക്കും. പരസ്പരം ചര്‍ച്ച ചെയ്യും. അന്തിമ തീരുമാനത്തിനായി ശര്‍മാജിയെ ഏല്പിക്കും. തിരക്കഥ മോശമാണെങ്കില്‍ ശര്‍മാജി പുളിച്ച ചീത്ത പറയും. തെറി വിളിക്കും. ആ തെറിയും ശകാരവുംതന്നെയാണ് ഇപ്പോള്‍ എന്റെ ഈ തിളക്കമാര്‍ന്ന ജീവിതത്തിനും കാരണമായത്.''
|
















