|
സി.പി.ഐ അരാഷ്ട്രീയ പാര്‍ട്ടിയായി മാറുന്നുവെന്ന് പിണറായി
തിരുവനന്തപുരം: സി.പി.ഐ അരാഷ്ട്രീയ പാര്‍ട്ടിയായി മാറുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.ഐ തിരുത്തുന്നതാണ് നല്ലത്. സി.പി.എം നിലപാടുകള്‍ അംഗീകരിക്കാന്‍ സി.പി.ഐയെ നിര്‍ബന്ധിച്ചിട്ടില്ല. പി. ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ സി.പി.ഐ സ്വീകരിച്ച നിലപാടിനെയാണ് ചോദ്യം ചെയ്തത്. ആപത് ഘട്ടത്തില്‍ സഹായിക്കേണ്ട സുഹൃത്തുക്കള്‍ എതിരാളികളുടെ കൂടെ നിന്നുവെന്ന് പിണറായി കുറ്റപ്പെടുത്തി. സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയും പിണറായി ആഞ്ഞടിച്ചു. ഹര്‍ത്താല്‍ സംബന്ധിച്ച ജനയുഗത്തിന്റെ വിലയിരുത്തല്‍ ജനകീയ പ്രക്ഷോഭത്തെ ക്രിമിനല്‍ വത്കരിക്കുന്നതാണ്. സി.പി.എമ്മിനെ ആക്രമിക്കുന്നവരെ സഹായിക്കുന്ന നിലപാട് സി.പി.ഐ എന്തിന് കൈക്കൊള്ളുന്നു. എക്കാലത്തും കോണ്‍ഗ്രസ് നിലപാടുകളെ ചെറുത്ത പാര്‍ട്ടിയാണ് സി.പി.എം. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം ഭരിച്ചകാര്യം സി.പി.ഐ മറക്കരുതെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. അതിനിടെ പൊതുവേദിയില്‍ പ്രസംഗിക്കുമ്പോള്‍ പിണറായി വിജയന്‍ പക്വത കാണിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി.പി.ഐയുടെ സമരങ്ങളെ സി.പി.എം സഹായിച്ചിട്ടില്ല. എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രശ്‌നങ്ങളില്‍ കക്ഷിചേരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ വിമര്‍ശം കോണ്‍ഗ്രസിനെ സഹായിക്കാനാണെന്ന് സി.പി.ഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. സി.പി.ഐയെ പരസ്യമായി ആക്ഷേപിച്ച വൈക്കം വിശ്വന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
















