|
സാമ്പത്തിക പ്രതിസന്ധി സുരക്ഷയെ ബാധിക്കും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുതിയ നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുകയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ അപകടത്തിലാകുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാകയുയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളസാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം വിവിധ പ്രശ്‌നങ്ങളിലുള്ള രാഷ്ട്രീയ സമവായത്തിന്റെ അഭാവമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ നിക്ഷേപങ്ങള്‍ കണ്ടെത്തി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കുകയും ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുകയും സാധാരണക്കാരന്റെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ അപകടത്തിലാവുക തന്നെ ചെയ്യും-പ്രധാനമന്ത്രി പറഞ്ഞു. വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന ആഗോളസാമ്പത്തിക രംഗത്തിന്റെ ദോഷഫലങ്ങള്‍ ഇന്ത്യയെയും ബാധിച്ചിട്ടുണ്ട്. ആഗോളരംഗത്ത് നമുക്ക് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയില്ല. ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നമുക്ക് കഴിയണം. എന്നാല്‍, സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന നിരവധി ആഭ്യന്തര പ്രശ്‌നങ്ങളും ഇന്ത്യ നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 6.5 ശതമാനം വളര്‍ച്ചാനിരക്കാണ് നമുക്ക് കൈവരിക്കാനായത്. ഈ വര്‍ഷം ഇത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി രാജ്യത്ത് നിക്ഷേപങ്ങള്‍ക്ക് തടസ്സങ്ങളൊന്നുമില്ലെന്ന വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കും. പണപ്പെരുപ്പം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. ഇതിനുള്ള പ്രധാന തടസ്സം ഇത്തവണത്തെ മോശപ്പെട്ട കാലവര്‍ഷമാണ്. മൊത്തം പണപ്പെരുപ്പം 6.87 ശതമാനമായി കുറഞ്ഞെങ്കിലും ചില ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില പ്രതിവര്‍ഷം 10 ശതമാനം കണ്ട് വര്‍ധിക്കുകയാണ്. മഴയുടെ ദൗര്‍ലഭ്യം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി വരള്‍ച്ചാബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ഡീസല്‍ സബ്‌സിഡിയും വിത്ത് സബ്‌സഡിയും അനുവദിക്കും-പ്രധാനമന്ത്രി പറഞ്ഞു. ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമവായം കണ്ടെത്താന്‍ കഴിയുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. സര്‍ക്കാരിന്റെയും വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെയുള്ള ഭവനവായ്പകളുടെ പലിശയില്‍ ഇളവ് അനുവദിക്കുന്ന രാജീവ് ഭവനപദ്ധതിക്കും സര്‍ക്കാര്‍ ആസ്പത്രികളും ആരോഗ്യകേന്ദ്രങ്ങളും വഴി സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിക്കും വൈകാതെ തുടക്കം കുറിക്കുമെന്നും അടുത്ത അഞ്ചു വര്‍ഷത്തിനകം രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് പുണയില്‍ ഈയിടെയുണ്ടായ സ്‌ഫോടനങ്ങള്‍ തെളിയിക്കുന്നതെന്നും അസം കലാപം നിര്‍ഭാഗ്യകരമാണെന്നും അതിന്റെ പിറകിലെ കാരണങ്ങള്‍ കണ്ടെത്തുകയും അത് ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു. |
















