|
എയ്ഡഡ് സ്കൂള് പദവി വീണ്ടും വിവാദത്തില്
തിരുവനന്തപുരം: മലബാറിലെ 33 സ്കൂളുകള്ക്ക് എയ്ഡഡ് പദവി നല്കുന്ന പ്രശ്നം വീണ്ടും വിവാദത്തില്. മാസം ഒരു കോടി രൂപ അധികബാധ്യത വരുമെന്നതിനാല് എയ്ഡഡ് പദവി നല്കുന്നത് അംഗീകരിക്കാനാവില്ലെന്നറിയിച്ച് ധനവകുപ്പ് ഫയല് മടക്കി. ധനവകുപ്പിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിര്പ്പുമായി മുസ്ലിംലീഗ് രംഗത്തെത്തിയതോടെ തര്ക്കം വീണ്ടും സജീവമായി. എയ്ഡഡ് പദവി നല്കാനുള്ള തീരുമാനം മന്ത്രിസഭയെടുത്തതാണെന്ന് മുസ്ലിംലീഗ് ജനറല് സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ധനവകുപ്പിന്റെ കണക്ക് പെരുപ്പിച്ചുകാട്ടിയതാണ്. എല്ലാ പദ്ധതികള്ക്കും തടസ്സം നില്ക്കുന്ന ധനവകുപ്പിന്റെ ഈ തീരുമാനം പുനപ്പരിശോധിക്കണമെന്നും മജീദ് ആവശ്യപ്പെട്ടു. വിയോജിപ്പിനെക്കുറിച്ച് അറിയില്ലെന്നും എയ്ഡഡ് പദവിക്കുവേണ്ടി മുസ്ലിംലീഗ് മന്ത്രിസഭയില് സമ്മര്ദം ചെലുത്തുമെന്നും മന്ത്രി പി.കെ. അബ്ദുറബ്ബ് കോഴിക്കോട്ട് പ്രതികരിച്ചു. ഇതിന് വര്ഷം രണ്ടുകോടി രൂപയുടെ അധികബാധ്യത മാത്രമേ വേണ്ടിവരൂവെന്നാണ് താന് മനസ്സിലാക്കിയതെന്നും അബ്ദുറബ്ബ് പറഞ്ഞു. എന്നാല് സാമ്പത്തിക ബാധ്യത എന്നതിനെക്കാള് ഇതൊരു നയപരമായ പ്രശ്നമാണെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. മന്ത്രിയെന്ന നിലയ്ക്ക് താന് ഒരു തീരുമാനവും ഫയലില് രേഖപ്പെടുത്തിയിട്ടില്ല. യുക്തമായ തീരുമാനമെടുക്കാന് മുഖ്യമന്ത്രിക്ക് ഫയല് അയച്ചുകൊടുക്കുകയാണ് ചെയ്തതെന്നും മാണി വിശദീകരിച്ചു. തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടെങ്കിലും എയ്ഡഡ് പദവി നല്കിയാലുള്ള അധികബാധ്യത അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ധനവകുപ്പിന്േറതായി ഫയലില് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രശ്നം വീണ്ടും മന്ത്രിസഭ ചര്ച്ചചെയ്യും. പിന്നാക്ക മേഖലകളില് കേന്ദ്രസര്ക്കാരിന്റെ പ്രത്യേക പദ്ധതിയനുസരിച്ച് നടന്നുവരുന്ന സ്കൂളുകള്ക്ക് എയ്ഡഡ് പദവി നല്കണമെന്ന നിര്ദേശം വിദ്യാഭ്യാസ വകുപ്പാണ് മുന്നോട്ടുവെച്ചത്. ഇതില് ഭൂരിഭാഗംസ്കൂളുകളും മലപ്പുറത്താണ്. ഈ നിര്ദേശത്തെ തുടക്കത്തില്ത്തന്നെ അധിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിര്ത്തിരുന്നു. വിദ്യാഭ്യാസ വകുപ്പിനോട് കൂടുതല് വിശദീകരണവും ആവശ്യപ്പെട്ടു. എന്നാല് ഇതിന് വിദ്യാഭ്യാസ വകുപ്പ് മറുപടി നല്കിയില്ല. പകരം, ധനവകുപ്പ് ഫയല് വൈകിപ്പിക്കുന്നതായി പരാതിപ്പെട്ടു. അതിനാല് മന്ത്രിസഭ ചര്ച്ചചെയ്യണമെന്നും മുഖ്യമന്ത്രിയോട് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം പരിഗണിച്ച്, ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതിനുമുമ്പാണ് എയ്ഡഡ് പദവി നല്കാന് മന്ത്രിസഭ തത്വത്തില് തീരുമാനിച്ചത്. ഇതില് വ്യാപകമായ എതിര്പ്പുയര്ന്നു. എന്നാല് നിര്ദേശം ധനവകുപ്പ് പരിശോധിക്കുകയാണെന്നും അതനുസരിച്ചേ തീരുമാനമെടുക്കൂവെന്നുമാണ് നിയമസഭയിലും പുറത്തും മുഖ്യമന്ത്രി വിശദീകരിച്ചത്. പ്രശ്നം യു.ഡി.എഫും ചര്ച്ചചെയ്തിരുന്നു. എന്നാല് ധനവകുപ്പിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാമെന്ന ധാരണയാണ് മുന്നണിയിലും ഉണ്ടായത്. ധനവകുപ്പ് അന്തിമമായി എതിര്ത്തതോടെ വിദ്യാഭ്യാസ വകുപ്പിന്റെ നിര്ദേശം അപ്പടി നടപ്പാക്കാനാവാത്ത സ്ഥിതിയിലാണ് സര്ക്കാര്. എന്നാല് മുസ്ലിംലീഗിന്റെ ആവശ്യം തള്ളാനുമാവില്ല. അതുകൊണ്ട് നിബന്ധനകളോടെ എയ്ഡഡ് പദവി നല്കാനുള്ള ആലോചനകളാണ് നടക്കുന്നത്. ഈ സ്കൂളുകളില് നിയമനം നടത്താന് മാനേജുമെന്റുകള്ക്ക് അധികാരം നല്കാനിടയില്ല. ഇതിനുപകരം അധ്യാപക ബാങ്കില് നിന്ന് നിയമനം നടത്തണമെന്ന നിര്ദേശമാണ് ഉയര്ന്നിട്ടുള്ളത്. |
















