സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ മത്സരം - ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം ചെയ്യപ്പെട്ടു

മാര്‍ക്കിന്റെ ദശവത്സര സ്‌മരണികയ്‌ക്കായി രചനകള്‍ സ്വീകരിക്കുന്നു

Font size: Decrease font Enlarge font

മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ ദശവത്സരാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം ഒക്‌ടോബറില്‍ സംഘടിപ്പിക്കുന്ന സംഘടനയുടെ കുടുംബ സംഗമത്തില്‍ വെച്ച്‌ നടത്തപ്പെടും. ഇതിനായി സാം തുണ്ടിയില്‍ ചെയര്‍മാനായുള്ള 11 അംഗ സുവനീര്‍ കമ്മിറ്റി മാര്‍ക്ക്‌ എക്‌സിക്യൂട്ടീവ്‌ രൂപീകരിച്ചു. ജോസഫ്‌ ചാണ്ടി, ജയ്‌മോന്‍ സ്‌കറിയ, ജോണ്‍ ചിറയില്‍, യേശുദാസ്‌ ജോര്‍ജ്‌, സനീഷ്‌ ജോര്‍ജ്‌, റോയി ചേലമലയില്‍, ജോബോയ്‌ ഓലിക്കല്‍, ജസ്സി റിന്‍സി, വിജയന്‍ വിന്‍സെന്റ്‌, ജോസ്‌ കല്ലിടിക്കില്‍ എന്നിവരാണ്‌ കമ്മിറ്റിയിലെ മറ്റ്‌ അംഗങ്ങള്‍.

പ്രൊഫഷന്റെ പുരോഗതിയും, അംഗങ്ങളുടെ ഉയര്‍ച്ചയും, സമൂഹത്തിന്റെ നന്മയും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍കൂടി മാത്രമേ പ്രൊഫഷണല്‍ സംഘടനകള്‍ അര്‍ത്ഥവത്തായ പ്രസ്ഥാനമാവുകയുള്ളൂ. 2001 നവംബറില്‍ രൂപംകൊണ്ട അന്നു മുതല്‍ വ്യക്തമായ ലക്ഷ്യത്തോടും, ആത്മാര്‍ത്ഥവും ചിട്ടയോടുകൂടിയതുമായ പ്രവര്‍ത്തനം വഴിയുമാണ്‌ ഒരു സംഘടനയെന്നതിനെക്കാളുപരിയായി, ഇല്ലിനോയിസിലെ മലയാളി റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ വികാരമായി മാറുവാന്‍ മാര്‍ക്കിന്‌ സാധ്യമായത്‌.

വിവിധ തുറകളില്‍ നിന്ന്‌ എത്തിയ വൈവിധ്യവും അനുഭവസമ്പത്തും കൈമുതലായുള്ള ഒരു വലിയനിര പ്രവര്‍ത്തകരുള്ള മാര്‍ക്കിന്റെ സുവനീര്‍ വിജ്ഞാനപ്രദവും, ആകര്‍ഷകവുമായൊരു നവീന അനുഭവമാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ്‌ സുവനീര്‍ കമ്മിറ്റി. റെസ്‌പേരേറ്ററി കെയര്‍ പ്രൊഫഷന്റെ ഉത്ഭവം, പുരോഗതി, വികസന സാധ്യതകള്‍ എന്നിവ വിശദമായി അവലോകനം ചെയ്യുന്നതിനൊപ്പം മാര്‍ക്ക്‌ എന്ന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും വളര്‍ച്ചയ്‌ക്കും ചെറുതും, വലുതുമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള എല്ലാ നല്ല മനസ്സുകളേയും സുവനീറില്‍ സ്‌മരിക്കപ്പെടും.

ശ്വാസകോശ സംബന്ധവും, സമൂഹത്തെ അലട്ടുന്ന ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, അല്‍ഷൈമേഴ്‌സ്‌ എന്നിങ്ങനെയുള്ള രോഗങ്ങളെക്കുറിച്ചും, ഈ രോഗങ്ങള്‍ക്കുള്ള ആധുനിക ചികിത്സാ മാര്‍ഗ്ഗങ്ങളേക്കുറിച്ചും, രോഗം ഒഴിവാക്കുവാന്‍ സ്വീകരിക്കേണ്ട കരുതലുകളെക്കുറിച്ചും സമൂഹത്തെ ബോധവത്‌കരിക്കുവാന്‍ പ്രയോജനപ്പെടുന്ന ലേഖനങ്ങള്‍ സുവനീറില്‍ ഉള്‍പ്പെടുത്തുന്നതാണ്‌. ഇത്തരം രോഗങ്ങളുടെ ചികിത്സയിലും ഗവേഷണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന വൈദ്യശാസ്‌ത്ര രംഗത്തെ വിദഗ്‌ധരുടെ പഠനങ്ങള്‍, പ്രബന്ധങ്ങള്‍, ലേഖനങ്ങള്‍ എന്നിവ മാര്‍ക്ക്‌ സ്വാഗതം ചെയ്യുന്നു. ഈ സദ്‌ഉദ്യമത്തില്‍ വൈദ്യശാസ്‌ത്രരംഗത്തെ വിദഗ്‌ധരുടേയും, എ.കെ.എം.ജി, നഴ്‌സസ്‌ അസോസിയേഷന്‍, എം.ആര്‍.ഐ, ആര്‍പ്പോ, സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ അസോസിയേഷന്‌ എന്നീ സഹോദര സംഘടനകളുടേയും സഹകരണം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കൂടാതെ റെസ്‌പിരേറ്ററി കെയര്‍ പ്രൊഷണലുകളുടേയും, കുടുംബാംഗങ്ങളുടേയും സാമൂഹ്യ പ്രസക്തമായ ലേഖനങ്ങള്‍, കഥ, കവിത തുടങ്ങിയ സാഹിത്യസൃഷ്‌ടികളും സുവനീറില്‍ ഉള്‍പ്പെടുത്തുന്നതാണ്‌.

മാര്‍ക്കിന്റെ വിദ്യാഭ്യാസ സംരംഭങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടേയും, ചിക്കാഗോ മലയാളി സമൂഹത്തിന്റേയും ആത്മാര്‍ത്ഥമായ സഹകരണം ലഭിച്ചിട്ടുണ്ടെന്ന വസ്‌തുത ഇവിടെ ഓര്‍മ്മിക്കുന്നു. വിദ്യാഭ്യാസ സെമിനാറുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുവാനും, മലയാളി സമൂഹത്തിനായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലേക്കുകൂടി വ്യാപിപ്പിക്കാനുമുള്ള ലക്ഷ്യമാണ്‌ സംഘടനയ്‌ക്കുള്ളത്‌. ചിക്കാഗോ മലയാളി സമൂഹത്തിന്‌ പൊതുവെയും, റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ക്ക്‌ പ്രത്യേകിച്ചും പ്രയോജനപ്പെടുന്നതും, അഭിമാനത്തിന്‌ വക നല്‍കുന്നതുമായൊരു സുവനീറായിരിക്കും മാര്‍ക്കിന്റെ ദശവത്സര സ്‌മരണിക എന്ന വാഗ്‌ദാനവുമായി, ഈ സംരംഭത്തിന്റെ വിജയത്തിനായി ഓരോ അംഗങ്ങളുടേയും, ബിസിനസ്‌ രംഗത്തും, സേവന രംഗത്തും ഏര്‍പ്പെട്ടിരിക്കുന്ന മലയാളി സുഹൃത്തുക്കളുടേയും പങ്കാളിത്തവും, സഹകരണവും മാര്‍ക്ക്‌ എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ്‌ ടോം കാലായില്‍ അഭ്യര്‍ത്ഥിക്കുന്നു.

സുവനീറില്‍ ലേഖനങ്ങളും, രചനകളും ഉള്‍പ്പെടുത്തുവാനും, പരസ്യം നല്‍കി സഹായിക്കുവാനും താത്‌പര്യമുള്ളവര്‍ മാര്‍ക്ക്‌ ട്രഷറര്‍ ഫിലിപ്പ്‌ സ്റ്റീഫന്‍ (847 583 1342), സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ സാം തുണ്ടിയില്‍ (847 691 1096) എന്നിവരുമായി ബന്ധപ്പെടുക. റെജിമോന്‍ ജേക്കബ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

ജോയിച്ചന്‍ പുതുക്കുളം

No Comments

Post your comment comment

Enable Google Transliteration.(To type in English, press Ctrl+g)