സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ മത്സരം - ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം ചെയ്യപ്പെട്ടു

അഴീക്കോട്‌ മാഷിന്റെ സംസ്‌കാരം കണ്ണൂരിലെ പയ്യാമ്പലത്ത്‌

Font size: Decrease font Enlarge font

തൃശൂര്‍: അന്തരിച്ച സാഹിത്യകാരന്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ സംസ്‌കാരം കണ്ണൂരിലെ പയ്യാമ്പലത്ത്‌ ബുധനാഴ്‌ച രാവിലെ 11 മണിക്ക്‌ നടക്കും.

അഴീക്കോടിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ചൊവ്വാഴ്‌ച ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ ആരംഭിച്ചു.
എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയുമാണ്‌ സംസ്‌കാരം നടക്കുകയെന്നും ഇതിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ സി.എം ബാലകൃഷ്‌ണന്‍, ഇബ്രാഹിംകുഞ്ഞ്‌, വി.എം സുധീരന്‍ തുടങ്ങി സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.

1926 മേയ്‌ 12ന്‌ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്‌ വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത്‌ തട്ടാരത്ത്‌ മാധവിയമ്മയുടെയും മകനായി ജനിച്ച സുകുമാരനാണ്‌, പില്‍കാലത്ത്‌ കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ആക്‌റ്റിങ്ങ്‌ വൈസ്‌ ചാന്‍സലറും നാഷണല്‍ ബുക്ക്‌ ട്രസ്‌റ്‌ ചെയര്‍മാനും ഉള്‍പ്പെടെയുള്ള പദവികള്‍ വഹിച്ച ഡോ. സുകുമാര്‍ അഴീക്കോടായി മാറിയത്‌. തിരക്കേറിയ പൊതു ജീവിതത്തില്‍ വ്യാപൃതനായിരുന്ന അദ്ദേഹം വിവാഹിതനായിരുന്നില്ല.

ചിറക്കല്‍ രാജാസ്‌ ഹൈസ്‌കൂളില്‍ നിന്ന്‌ എസ്‌.എസ്‌.എല്‍.സി വിജയിച്ച ശേഷം കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തിയിരുന്നു. പ്രശസ്‌തമായ സെന്റ്‌ ആഗ്‌നസ്‌ കോളജിലെ മലയാളം പ്രഫസറായിരുന്നു പിതാവ്‌ ദാമോദരന്‍. മദിരാശി സര്‍വകലാശാലയില്‍ നിന്നും 1946ല്‍ കോമേഴ്‌സില്‍ ബിരുദം നേടിയ അഴീക്കോടിന്‌ ഇന്ത്യന്‍ ഓവര്‍ സീസ്‌ ബാങ്കില്‍ ഉദ്യോഗം കാത്തിരിപ്പുണ്ടായിരുന്നു. എന്നാല്‍ ഉദ്യോഗം സ്വീകരിക്കാതെ അധ്യാപകനാകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ബി.ടി ബിരുദം നേടി പിന്നീട്‌ സംസ്‌കൃതത്തിലും മലയാളത്തിലും മാസ്‌റര്‍ ബിരുദം നേടി. കേരള സര്‍വകലാശാലയില്‍ നിന്ന്‌ ‘മലയാള സാഹിത്യ വിമര്‍ശനം എന്ന ഗവേഷണ പ്രബന്ധത്തിന്‌ ഡോക്ടറേറ്റ്‌ ലഭിച്ചു.

താന്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍വഹിച്ച രാജാസ്‌ ഹൈസ്‌കൂളില്‍ അധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. മംഗലാപുരം സെന്റ്‌ അലോഷ്യസ്‌, കോഴിക്കോട്‌ ദേവഗിരി സെന്റ്‌ ജോസഫ്‌സ്‌ കോളജുകളില്‍ ലക്‌ചറര്‍, മൂത്തകുന്നം എസ്‌.എന്‍.എ. ട്രെയിനിങ്ങ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ്‌ കാലിക്കറ്റ്‌ സര്‍വകലാശാല പ്രൊ. വൈസ്‌ ചാന്‍സലറായത്‌. പിന്നീട്‌ ആക്ടിങ്ങ്‌ വൈസ്‌ ചാന്‍സലറായും സേവനം അനുഷ്ടിച്ചു.

1986 ല്‍ കോഴിക്കോട്‌ നിന്ന്‌ തൃശൂരിലെ വിയ്യരിലേക്ക്‌ താമസം മാറി. പിന്നീട്‌ തൃശൂരിലെ തന്നെ ഇരവിമംഗലത്ത്‌ പുതിയ വീട്‌ നിര്‍മിച്ച്‌ അങ്ങോട്ട്‌ മാറി. 1985 ല്‍ പുറത്ത്‌ വന്ന തത്വമസിയാണ്‌ അഴീക്കോടിന്റെ മാസ്‌റര്‍ പീസ്‌ രചനയായി കണക്കാക്കുന്നത്‌. കേന്ദ്ര കേരള സാഹിത്യ അക്കാദമി, വയലാര്‍, രാജാജി അവര്‍ഡുകള്‍, ഉള്‍പ്പെടെ 12 പുരസ്‌കാരങ്ങള്‍ ലഭിച്ച ഈ കൃതി വിവിധ ഭാഷകളിലേക്ക്‌ മൊഴി മാറ്റം ചെയ്‌തിട്ടുണ്ട്‌.

-Joychen Puthukulam

No Comments

Post your comment comment

Enable Google Transliteration.(To type in English, press Ctrl+g)