അമേരിക്കയിലെ പ്രായം കൂടിയ സിറ്റിംഗ് ജഡ്ജി അന്തരിച്ചു
വിചിറ്റ (കന്‍സസ്): അമേരിക്കയിലെന്നല്ല, ലോകത്തില്‍ തന്നെ ഏറ്റവും പ്രായം കൂടിയ സിറ്റിംഗ് ജഡ്ജി വെസ്ലി ബ്രൗണ്‍ 104ാമത്തെ വയസ്സില്‍ നിര്യാതനായി.
ജനുവരി 23ന് തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചതെങ്കിലും ഇന്ന് ജനുവരി 24 ചൊവ്വാഴ്ചയാണ് വെസ്ലി ബ്രൗണിന്റെ ലോ ക്ലര്‍ക്ക് നനീറ്റ ടര്‍ണര്‍ വിവരം പത്രങ്ങള്‍ക്ക് നല്‍കിയത്.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡി 1962ലാണ് ഫെഡല്‍ ഡി ബ്രിക്ക്റ്റ് ജഡ്ജിയായി ബ്രൗണിന് നിയമനം നല്‍കിയത്.
മരിക്കുന്നതിന്റെ ഒരു മാസം മുമ്പ് വരെ കൃത്യമായി രാവിലെ കോടതിയില്‍ എത്തി കേസുകള്‍ കേട്ടിരുന്ന ബ്രൗണ്‍ രോഗ ബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോഴും കോടതിയില്‍ നിന്നും കൊണ്ടു വന്നിരുന്ന ഫയലുകള്‍ പഠിച്ചു വിധി എഴുതിയിരുന്നതായി സഹപ്രവര്‍ത്തകനും യു.എസ്. ഡിസ്ട്രിക്ട് ജഡ്ജിയുമായ തോമസ് മാര്‍ട്ടന്‍ പറഞ്ഞു.
1979ല്‍ സീനിയര്‍ പദവിയില്‍ എത്തി ഭാഗീകമായി റിട്ടയര്‍മെന്റെടുത്തുവെങ്കിലും തുടര്‍ന്നും ദശാബ്ദങ്ങളായി ചെയ്തിരുന്ന ജോലി തുടരുന്നതിനാണ് വെസ്ലി ബ്രൗണ്‍ തീരുമാനിച്ചത്.
ഞാന്‍ ഇതിനെ ഒരു പൊതുജന സേവനമായി കാണുന്നു. ഈ സേവനത്തിലൂടെ ജീവിതത്തിന് അര്‍ത്ഥം കണ്ടെത്തുവാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരു അഭിമുഖത്തില്‍ ബ്രൗണ്‍ പറഞ്ഞു.
1977ല്‍ 104ാമത്തെ വയസ്സില്‍ നിര്യാതനായ യു.എസ്സ് കോര്‍ട്ട് ഓഫ് അപ്പീല്‍ ജഡ്ജി ജോസഫ് വുഡ്‌നറായിരുന്നു ഏറ്റവും കൂടുതല്‍ സര്‍വ്വീസുള്ള ജഡ്ജി എന്ന പദവി ഇതിനുമുമ്പ് അലങ്കരിച്ചിരുന്നത്. വെസ്ലി ബ്രൗണിന്റെ നിര്യാണത്തില്‍ രാജ്യത്തെ പ്രമുഖ ന്യായാധിപന്മാര്‍ അനുശോചനം രേഖപ്പെടുത്തി.
പി.പി. ചെറിയാന്‍







No Comments
Post your comment